03:40am 29 August 2026
NEWS
മുസ്ലിം പെൺകുട്ടികളുടെ ബിരുദ പഠനത്തിന് ഇനി ട്യൂഷൻ ഫീസ് സംസ്ഥാന സർക്കാർ നൽകും; 20 കോടി അനുവദിച്ച് തമിഴ്നാട് സർക്കാർ
28/08/2026  08:28 PM IST
nila
മുസ്ലിം പെൺകുട്ടികളുടെ ബിരുദ പഠനത്തിന് ഇനി ട്യൂഷൻ ഫീസ് സംസ്ഥാന സർക്കാർ നൽകും; 20 കോടി അനുവദിച്ച് തമിഴ്നാട് സർക്കാർ

ചെന്നൈ: ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ആശ്വാസമായി തമിഴ്നാട് സർക്കാരിന്റെ വൻ പ്രഖ്യാപനങ്ങൾ. മുസ്ലിം പെൺകുട്ടികളുടെ ബിരുദ പഠനത്തിനുള്ള ട്യൂഷൻ ഫീസ് സർക്കാർ ഏറ്റെടുക്കുന്നതുൾപ്പെടെ നിരവധി പദ്ധതികളാണ് നിയമസഭയിൽ പ്രഖ്യാപിച്ചത്. ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ധനാഭ്യർഥന ചർച്ചയ്ക്കിടെയാണ് മന്ത്രി എ.എം. ഷാജഹാൻ പദ്ധതികൾ വിശദീകരിച്ചത്.

സർക്കാർ ക്വാട്ടയിൽ പ്രവേശനം നേടുന്ന മുസ്ലിം പെൺകുട്ടികൾക്ക് ഇനി ബിരുദ പഠനത്തിന്റെ ട്യൂഷൻ ഫീസ് പൂർണമായും സർക്കാർ വഹിക്കും. ആർട്സ്, സയൻസ്, എൻജിനീയറിങ്, മെഡിസിൻ, അഗ്രികൾച്ചർ, ലോ തുടങ്ങിയ കോഴ്സുകൾ പഠിക്കുന്നവർക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. സർക്കാർ, എയ്ഡഡ്, സ്വാശ്രയ കോളേജുകളിൽ പഠിക്കുന്ന വിദ്യാർഥിനികൾക്കും ഇത് ബാധകമാണ്. പദ്ധതിക്കായി ആദ്യഘട്ടത്തിൽ 20 കോടി രൂപ അനുവദിച്ചു.

അതേസമയം, മുസ്ലിം പെൺകുട്ടികൾക്കുള്ള സ്കോളർഷിപ്പ് പദ്ധതിയും വിപുലീകരിച്ചു. നിലവിൽ ഒന്നു മുതൽ എട്ട് വരെ ക്ലാസുകളിൽ പഠിക്കുന്നവർക്ക് വഖഫ് ബോർഡ് നൽകുന്ന സ്കോളർഷിപ്പ് ഇനി ഒമ്പത്, പത്ത് ക്ലാസുകളിലും ലഭിക്കും. പ്രതിവർഷം 2,000 രൂപ വീതം ലഭിക്കുന്ന പദ്ധതിയിലൂടെ 41,384 വിദ്യാർഥിനികൾക്ക് സഹായം ലഭിക്കും. ഇതിനായി 8.28 കോടി രൂപയാണ് മാറ്റിവെച്ചത്.

ചെന്നൈയിൽ ന്യൂനപക്ഷ വനിതകൾക്കായി പുതിയ കോളേജ്

ന്യൂനപക്ഷ വനിതകൾക്ക് ഉയർന്ന വിദ്യാഭ്യാസത്തിന് കൂടുതൽ അവസരങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി ചെന്നൈയിൽ പുതിയ ആർട്സ് ആൻഡ് സയൻസ് കോളേജ് ആരംഭിക്കാനും സർക്കാർ തീരുമാനിച്ചു. വഖഫ് ബോർഡിന്റെ നേതൃത്വത്തിൽ 2.45 കോടി രൂപയുടെ ഗ്രാന്റ് ഉപയോഗിച്ചായിരിക്കും കോളേജിന്റെ പ്രവർത്തനം ആരംഭിക്കുക.

വഖഫ്, ക്രിസ്ത്യൻ സ്ഥാപനങ്ങൾക്ക് 100 കോടി

വഖഫ്, ക്രിസ്ത്യൻ സ്ഥാപനങ്ങളുടെ ഭൂമി ഉപയോഗപ്പെടുത്തി വരുമാനം വർധിപ്പിക്കാനും സർക്കാർ പദ്ധതി പ്രഖ്യാപിച്ചു. ഇത്തരം ഭൂമിയിൽ വാണിജ്യ സമുച്ചയങ്ങളും കല്യാണമണ്ഡപങ്ങളും നിർമിക്കുന്നതിനായി 100 കോടി രൂപയുടെ ഫണ്ട് രൂപീകരിക്കും. സ്ഥാപനങ്ങൾക്ക് പലിശരഹിത വായ്പ നൽകുന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

നാല് വർഷത്തിൽ 10,000 പേർക്ക് തൊഴിൽ പരിശീലനം

ന്യൂനപക്ഷ യുവാക്കളുടെ തൊഴിൽ സാധ്യത വർധിപ്പിക്കുന്നതിനായി തമിഴ്നാട് സ്കിൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ വഴി നാല് വർഷത്തിനുള്ളിൽ 10,000 യുവാക്കൾക്ക് പരിശീലനം നൽകും. ഐ.ടി., ഓട്ടോമൊബൈൽ, ഗാർമെന്റ് ഡിസൈനിങ്, ബ്യൂട്ടി ആൻഡ് വെൽനസ്, എംബ്രോയ്ഡറി, കൃഷി തുടങ്ങിയ മേഖലകളിലാണ് പരിശീലനം നൽകുക.

വിദ്യാഭ്യാസം മുതൽ തൊഴിൽവരെ വിവിധ മേഖലകളിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് കൂടുതൽ അവസരങ്ങൾ ഉറപ്പാക്കുകയാണ് പുതിയ പദ്ധതികളിലൂടെ തമിഴ്നാട് സർക്കാർ ലക്ഷ്യമിടുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img